കൊളംബോ : സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്ന ശ്രീലങ്കയിൽ സഹായഹസ്തവുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിൽ 74,000 ടൺ ഇന്ധനം ഇന്ത്യ ലങ്കയ്ക്ക് എത്തിച്ചുകൊടുത്തു. ഇതുവരെ 2,70,000 ടൺ ഇന്ധനം ഇന്ത്യ ലങ്കയിലേക്ക് കയറ്റിയയച്ചു.
ഇന്ധനക്ഷാമം കൊണ്ട് വലയുകയാണ് ശ്രീലങ്ക. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ധനക്ഷാമം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം രാഷ്ട്രീയപ്രതിസന്ധി ബാധിച്ച ലങ്കയിൽ 22 ദശലക്ഷം ജനങ്ങൾ ആഹാരവും ഇന്ധനവും കിട്ടാതെ തളരുകയാണ്.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ലങ്ക നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണിത്. നാണയപ്പെരുപ്പം ഉയർന്നതും അടിക്കടി പവർകട്ട് ഏർപ്പെടുത്തുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ സഹായം.