സെഞ്ചൂറിയന്‍ : ടി20യിലും ഏകദിനത്തിലും നായക പട്ടം നഷ്ടമായ വിരാട് കോഹ്ലിക്കും പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഏറെ നിര്‍ണായകമാകുന്ന ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് താന്‍ അര്‍ഹനാണെന്ന് കോഹ്ലിക്ക് തെളിയിക്കാനുള്ള അവസരമാണിത്. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ജയിക്കാനായിട്ടില്ല എന്ന മോശം ചരിത്രത്തെ തിരുത്താനാകും ദ്രാവിഡിന്റെ ശ്രമം. പരിക്കേറ്റ് രോഹിത് ശര്‍മ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്. കെഎല്‍ രാഹുലിനൊപ്പം മയങ്ക് അഗര്‍വാളാകും ഓപ്പണ്‍ ചെയ്യുക. പുജാരയും രഹാനെയും ഫോമിലെത്തിയില്ലെങ്കില്‍ കോഹ്ലിയുടെ മേല്‍ ഇരട്ടി സമ്മര്‍ദ്ദമാകുമുണ്ടാകുക.
ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അശ്വിനാകും ടീമിലെ ഏക സ്പിന്നര്‍. മറുവശത്ത് മികച്ച ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. കഗീസോ റബാദ, ലൂങ്കി എങ്കിടി, ഡുആന്‍ ഒലിവര്‍ എന്നീ പേസര്‍മാര്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.