ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് 2021 ഡിസംബറിൽ കയറ്റി അയച്ചത് 37.8 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ. 2020 ഡിസംബർ മാസത്തിൽ 27.22 ബില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. 39 ശതമാനത്തിന്റെ വളർച്ചയാണ് ഒരു വർഷത്തിനിടെ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. കൊവിഡിന്റെ പിടിയിലായിരുന്നു 2020 ഡിസംബർ മാസത്തിലെ വ്യാപാരമെന്നതിനാൽ ഇപ്പോഴത്തേത് മികച്ചൊരു വളർച്ചയായി അടയാളപ്പെടുത്താൻ കഴിയില്ല.
അതേസമയം ഇറക്കുമതിയും കുതിച്ചുയർന്നിട്ടുണ്ട്. 2020 ഡിസംബറിനെ അപേക്ഷിച്ച് 38.6 ശതമാനമാണ് വളർച്ച. 59.48 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ മാസം ഉണ്ടായത്. 2020 ഡിസംബർ മാസത്തിൽ 42.93 ബില്യൺ ഡോളറായിരുന്നു ഇറക്കുമതി. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മി 21.7 ബില്യൺ ഡോളറായി. നവംബറിൽ 22.91 ബില്യൺ ഡോളറായിരുന്നു വ്യാപാര കമ്മി. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള നടപ്പ് സാമ്പത്തിക വർഷത്തെ വ്യാപാര കണക്കുകൾ പരിശോധിക്കുമ്പോൾ കയറ്റുമതിയിൽ 49.6 ശതമാനം വളർച്ചയാണ് ഉണ്ടായത്. ഒൻപത് മാസം കൊണ്ട് 301.3 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. എന്നാൽ കയറ്റുമതിയേക്കാൾ ഉയർന്ന വളർച്ചയാണ് ഇറക്കുമതിയിൽ ഉണ്ടായത്, 68 ശതമാനം. 443.82 ബില്യൺ ഡോളറിന്റേതാണ് ഒൻപത് മാസത്തെ ഇറക്കുമതി.