കൊച്ചി ∙ ഇറാൻ നാവികസേനയുടെ പിടിയിലായ ‘അഡ്വാന്റേജ് സ്വീറ്റ്’ എണ്ണക്കപ്പലിലെ 3 മലയാളി ജീവനക്കാരെ രക്ഷിക്കാൻ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന്റെയും നോർക്കയുടെയും സഹായം തേടി.എറണാകുളം കൂനമ്മാവ് പുതുശേരി എഡ്വിൻ, ഫോർത്ത് ഓഫിസർ കടവന്ത്ര പള്ളിപ്പറമ്പിൽ വീട്ടിൽ ജിസ്മോൻ ജോസഫ്, ഫോർത്ത് എൻജിനീയർ മലപ്പുറം ചുങ്കത്തറ കോട്ടേപ്പാടം തടത്തേൽ സാം സോമൻ (29) എന്നിവരാണു കപ്പലിലുള്ളത്.
മോചനശ്രമങ്ങൾ തുടങ്ങിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസിൽനിന്ന് അറിയിച്ചെന്നു സാം സോമന്റെ ഭാര്യ സൂസൻ പറഞ്ഞു.ജിസ്മോന്റെ പിതാവ് പി.ആർ.ജോസഫിനെയും എഡ്വിന്റെ സഹോദരൻ ആൽവിനെയും ഇറാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഇന്ന് ഇറാനിൽ നടക്കുന്ന യോഗത്തിൽ അവിടത്തെ സർക്കാർ പ്രതിനിധികളുമായും നാവികസേനാ ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുമെന്നും എംബസി അധികൃതർ അറിയിച്ചു.