ദില്ലി : ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിന് ശേഷം രോഹിത് ശർമ്മ ക്യാപ്റ്റനാവുന്ന ആദ്യ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര തോൽവിക്ക് ശേഷമാണ് ഇന്ത്യ ഇന്ന് വിൻഡീനെ നേരിടുന്നത്. ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, നവ്ദീപ് സൈനി എന്നിവരുൾപ്പെടെ നാല് പ്രധാന കളിക്കാർ കൊവിഡ് പോസിറ്റീവ് ആയതും ടീമിന് തിരിച്ചടിയാണ്. രോഹിതിന് കീഴിൽ കോലി കളിക്കുന്നു എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. ഈ വർഷവും അടുത്ത വർഷവും നടക്കാനിരിക്കുന്ന രണ്ട് ലോകകപ്പുകപ്പുകളിലേക്കുള്ള ടീം രൂപപ്പെടുത്തുക എന്നതാണ് രോഹിതിൻ്റെ പ്രഥമ ചുമതല. മായങ്ക് അഗർവാൾ ഇനിയും ക്വാറൻ്റീൻ പൂർത്തിയാക്കിയിട്ടില്ല.
അതുകൊണ്ട് തന്നെ ഇഷാൻ കിഷൻ രോഹിത് ശർമ്മക്കൊപ്പം ഓപ്പൺ ചെയ്യും. ബാറ്റിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ ദീപക് ഹൂഡ അരങ്ങേറിയേക്കും. കുൽദീപ് യാദവ്-യുസ്‌വേന്ദ്ര ചഹാൽ സഖ്യത്തെ പരീക്ഷിക്കുമെന്ന് രോഹിത് പറഞ്ഞതിനാൽ ഇരുവരും കളിക്കാനിടയുണ്ട്. ഒരാൾ മാറിനിന്നാൽ വാഷിംഗ്ടൺ സുന്ദറിന് ഇടം ലഭിക്കും. ശർദ്ദുൽ താക്കൂർ, ദീപക് ചഹാർ എന്നിവർക്ക് സ്ഥാനം ഉറപ്പാണ്. സിറാജോ പ്രസിദ്ധ് കൃഷ്ണയോ ആവും മൂന്നാം പേസർ. അഞ്ചാം നമ്പറിൽ സൂര്യകുമാർ യാദവിനും ഇടം ലഭിക്കും.
തങ്ങളുടെ അവസാന ഏകദിന പരമ്പരയിൽ അയർലൻഡിനോട് തോറ്റാണ് വെസ്റ്റ് ഇൻഡീസ് എത്തുന്നത്. ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ് എന്നിവരാവും വിൻഡീസ് ഓപ്പണർമാർ ഡാരൻ ബ്രാവോ, ഷമാർ ബ്രൂക്സ്, നിക്കോളാസ് പൂരാൻ എന്നിവർ മധ്യനിരയിൽ കളിക്കും. കെമാർ റോച്ച്, അൽസാരി ജോസഫ് എന്നിവർ പേസർമാരും അകീൽ ഹുസൈൻ, ഹെയ്ഡൻ വാൽഷ് എന്നിവർ സ്പിന്നർമാരും ആവും.