ദില്ലി : ഇന്ത്യ ചൈന അതിർത്തിയിൽ നിന്ന് തൽകാലം പിൻമാറ്റമില്ലെന്ന് കരസേന. ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരും. ചൈന അരുണാചൽ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ.
ഇതിനിടെ വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്ന് തുടങ്ങും.രണ്ടു ദിവസമാണ് മേഖലയിൽ വ്യോമസേന അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്.ചൈനയുമായുള്ള അരുണാചൽ മേഖലയിലെ സംഘർഷം നിലനിൽക്കെയാണ് വ്യോമസേനാഭ്യാസം നടക്കുന്നത്.രണ്ടുദിവസമായി നടക്കുന്ന അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് ഉൾപ്പെടെയുള്ള ഭൂരിഭാഗം മുൻനിര യുദ്ധവിമാനങ്ങളും പങ്കെടുക്കും. ഡിസംബർ 9 ലെ സംഘർഷത്തിന് മുൻപേ ആണ് ഇത് തീരുമാനിച്ചത്.
അതേസമയം ഇന്ത്യ ചൈന സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയിൽ നീക്കം നടത്തിയേക്കും.കഴിഞ്ഞ രണ്ടു ദിവസമായി അടിയന്തര പ്രമേയം നൽകിയിട്ടും വിഷയം ചർച്ചക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ പ്രതിപക്ഷം ഇരു സഭകളിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇതിനിടെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സുരക്ഷ സമിതിയിൽ ചൈനയെ പരോക്ഷമായി വിമർശിച്ചു. ഭീകരവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ രാജ്യാന്തര വേദികളിൽ ചിലർ തടസ്സം നില്ക്കുകയാണെന്ന് എസ് ജയശങ്കർ കുറ്റപ്പെടുത്തി.
കശ്മീരിനെക്കുറിച്ചുള്ള യുഎൻ പ്രമേയം ഇന്ത്യ പാലിക്കണമെന്ന് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. ഒസാമ ബിൻ ലാദനെ സംരക്ഷിച്ചവരുടെ സുവിശേഷം വേണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിരിച്ചടിച്ചു.