കൊല്‍ക്കത്ത : ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള് ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. 14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. യാന്സന് ഉള്‍പ്പെടെ ആകെ നാലു പേര് മാത്രമെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നുള്ളു.
243 റണ്‍സ് ജയത്തോടെ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യ മുംബൈയില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം സ്ഥാനക്കാരെ നേരിടും. കൊല്‍ക്കത്തയിലെ സ്ലോ പിച്ചില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ അടി തെറ്റി. ഈ ലോകകപ്പില്‍ നാലു സെഞ്ചുറികളുമായി മിന്നും ഫോമിലുള്ള ക്വിന്റണ്‍ ഡി കോക്കിനെ(5) സിറാജ് രണ്ടാം ഓവറില്‍ ബൗള്‍ഡാക്കി മടക്കി. പിന്നാലെ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ(11) രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. റാസി വാന്‍ഡര്‍ ദസ്സനെയും(13), ഏയ്ഡന്‍ മാര്‍ക്രത്തെയും(9) വീഴ്ത്തിയ ഷമി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. പിന്നീട് കാര്യങ്ങള്‍ ജഡേജയും കുല്‍ദീപും ചേര്‍ന്ന് തീര്‍പ്പാക്കി.