വാഷിങ്ടൻ∙ അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിലെ ലഫ്. ഗവർണറായി ഇന്ത്യൻ വംശജ അരുണ മില്ലർ. ഒരു യുഎസ് സംസ്ഥാനത്ത് ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് അരുണ.
ഗവർണർ സ്ഥാനാർഥിയായ വൈസ് മൂറിനൊപ്പമാണ് അൻപത്തെട്ടുകാരിയായി അരുണ തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരുടെയും പ്രചരണത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും പങ്കെടുത്തിരുന്നു. നേരത്തെ മേരിലാൻഡ് ഹൗസിലെ പ്രതിനിധിയായിരുന്നു അരുണ. ഗവർണർക്കു ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പദവിയാണ് ലഫ്റ്റനന്റ് ഗവർണർ.
2010 മുതൽ 2018 വരെ മേരിലാൻഡ് ഡിസ്ട്രിക്ട് 15 ൽ നിന്നും സ്റ്റേറ്റ് ഹൗസിലേക്ക് മില്ലർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോണ്ടിഗോമറി കൗണ്ടിയിൽ സിവിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനീയറായി 30 വർഷം സേവനമനുഷ്ഠിച്ച ഇവർ ആദ്യമായി മേരിലാൻഡ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇമിഗ്രന്റ് എന്ന പദവിക്ക് അർഹയായിരുന്നു.
ഏഴു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പമാണ് ഇവർ അമേരിക്കയിലേക്കു കുടിയേറിയത്. 1964 നവംബർ 6ന് ഹൈദരാബാദിലായിരുന്നു മില്ലറുടെ ജനനം. മിസ്സോറി സർവകലാശാലയിൽ നിന്ന് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്.