വാഷിങ്ടൻ∙ 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. കേരളത്തിൽ വേരുകളുള്ള യുഎസ്സിലെ ടെക് സംരംഭകനാണ് വിവേക്. ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് വിവേകിന്റെ സ്ഥാനാർഥി പ്രഖ്യാപനം. ഇതോടെ അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിയിൽനിന്നുള്ള സ്ഥാനാർഥികളുടെ എണ്ണം മൂന്നും ഇന്ത്യൻ വംശജരുടെ എണ്ണം രണ്ടുമായി. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ– അമേരിക്കൻ വംശജയും ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ്സിന്റെ മുൻ അംബാസഡറുമായ നിക്കി ഹേലി എന്നിവരാണ് മറ്റു രണ്ടു പേർ.
അമേരിക്കയുടെ നഷ്ടപ്പെട്ട യോഗ്യത തിരികെപിടിക്കണമെന്നും ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ ഒന്നാമതെത്തിക്കാനാണ് ശ്രമിക്കുന്നത്. അതിനായി അമേരിക്ക എന്താണെന്ന് നാം അറിയണം. അമേരിക്കയുടെ ആത്മാവിനെ തിരികെ പിടിക്കാനാണ് താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വേരുകളുള്ള യുഎസിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ വിവേക് രാമസ്വാമി മത്സരത്തിൽ ഉണ്ടാകുമെന്ന് യുഎസ് നിക്ഷേപകനായ ബിൽ അക്മാനാണ് ആദ്യം ട്വീറ്റ് ചെയ്തത്. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമായ വിവേക് യുഎസിലാണു ജനിച്ചുവളർന്നത്. 7 വർഷം മുൻപ് കേരളത്തിലെത്തിയിരുന്നു.
പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ.ഗണപതി അയ്യരുടെ മകനായ വി.ജി.രാമസ്വാമിയാണു വിവേകിന്റെ അച്ഛൻ. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇരുവരും ഒന്നരമാസം മുൻപു പാലക്കാട് എത്തിയിരുന്നു. ഇന്ത്യൻ വംശജയായ ഡോ.അപൂർവ തിവാരിയാണു വിവേകിന്റെ ഭാര്യ. സഹോദരൻ ശങ്കർ രാമസ്വാമിക്കും യുഎസിൽ ബിസിനസാണ്.