കൊല്‍ക്കത്ത: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്ന് കുടുങ്ങിയ രണ്ടായിരത്തിലധികം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരികളെ ഇന്ത്യന്‍ സൈന്യവും ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനും (ബിആര്‍ഒ) ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. വടക്കന്‍ സിക്കിമില്‍ കനത്ത മഴ പെയ്തത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാവുകയും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റോഡ് തടസ്സപ്പെടുകയും ചെയ്തു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചുങ്താങ്ങിനടുത്തുള്ള ഒരു പാലം ഒലിച്ചുപോയി. തല്‍ഫലമായി, ഇതോടെ 3,500 വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങി. സ്ട്രൈക്കിംഗ് ലയണ്‍ ഡിവിഷന്‍, ത്രിശക്തി കോര്‍പ്സ്, ഇന്ത്യന്‍ ആര്‍മി, ബിആര്‍ഒ എന്നിവയുടെ ട്രൂപ്പുകളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പ്രദേശത്ത് റോഡ് ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ടെന്റുകളും മെഡിക്കല്‍ എയ്ഡ് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.