ദുബൈ: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനടുത്ത് മുങ്ങിത്താഴുകയായിരുന്ന യുഎഇയില്‍ നിന്നുള്ള കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷിച്ചത്.
ഖോര്‍ഫക്കാനില്‍ നിന്ന് കര്‍ണാടകയിലെ കര്‍വാറിലേക്ക് പോകുകയായിരുന്ന എം ടി ഗ്ലോബല്‍ കിങ് എന്ന ചരക്കു കപ്പലാണ് അപകടത്തില്‍പ്പെട്ടത്. പോര്‍ബന്ദര്‍ തീരത്ത് നിന്ന് 93 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. കപ്പലില്‍ വെള്ളം കയറി മുങ്ങിത്താഴുന്നതിനിടെ ജീവനക്കാര്‍ അപായമണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ കോസ്്റ്റ് ഗാര്‍ഡിന്റെ രണ്ട് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി. 118 മീറ്റര്‍ നീളമുള്ള കപ്പലില്‍ 6000 ടണ്‍ ബിറ്റുമിനാണ് ഉണ്ടായിരുന്നത്. 20 ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും ഒരു ശ്രീലങ്കന്‍ സ്വദേശിയുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.




















