റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ എംബസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷം രാവിലെ എട്ടിന് ഉപസ്ഥാനപതി എൻ. രാം പ്രസാദ് പതാക ഉയർത്തിയതോടെ ആരംഭിച്ചു. രാഷ്ട്രപതിയുടെ സ്വതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. പ്രവാസി കലാകാരന്മാർ ദേശഭക്തി ഗാനം ആലപിച്ചു.
ക്ഷണിക്കപ്പെട്ട അതിഥികൾ, നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, പത്രപ്രവർത്തകർ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ എഴുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊണ്ടതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ’ആസാദി കാ അമൃത് മഹോത്സവ’മായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾക്കുമൊപ്പം സൗദിയിലെ ഇന്ത്യൻ മിഷനും പ്രവാസി സമൂഹവും നിരവധി സാംസ്കാരിക വാണിജ്യ പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേള, ഗോൾഫ് ടൂർണമെൻറ്, പ്രഭാഷണ പരമ്പര, വിവിധ പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാണ് റിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ചത്.