റിയാദ് : ഗുരുതര രോഗ ബാധിതനായ കൊൽക്കത്ത സ്വദേശിയെ പ്രവാസി സംഘടനയായ കേളിയുടെ കൈത്താങ്ങിൽ നാട്ടിലെത്തിച്ചു. നാല് വർഷം മുൻപ് റിയാദിൽ ജോലിക്ക് എത്തിയ ആപ്പിൾഖാൻ എന്ന കൊല്‍ക്കത്ത സ്വദേശി സ്‍പോൺസറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അൽഖർജിൽ എത്തി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ ഇദ്ദേഹത്തിന് ഗുരുതരമായ ഉദരരോഗം പിടിപെടുകയും അൽഖർജിലുള്ള കിംങ് ഖാലിദ് ഹോസ്‍പിറ്റലിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു.
ശസ്ത്രക്രിയയെ തുടർന്നുള്ള ആശുപത്രി ചികിത്സയുടെ സാമ്പത്തിക ഭാരം താങ്ങാൻ കഴിയാതെ ഹോസ്‍പിറ്റലിൽ നിന്നും തിരിച്ചു വന്ന് സുഹൃത്തിന്റെ കൂടെ താമസിച്ചു വരികയായിരിന്നു. എന്നാൽ ഓപ്പറേഷൻ ചെയ്ത ഭാഗം ഇൻഫെക്ഷൻ മൂലം വ്രണമായി ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. തുടർന്ന് കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിനോട് അദ്ദേഹം സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ അൽദോസരി ക്ലിനിക്കിലെ ഡോ. അബ്ദുൾ നാസർ, ആപ്പിൾഖാന് ആവശ്യമായ ചികിത്സ നൽകുകയും കേളിയുടെ അഭ്യർത്ഥനപ്രകാരം ഇന്ത്യൻ എംബസി ഇടപെട്ട് യാത്രാരേഖകൾ ശരിയാക്കി നൽകുകയും ചെയ്തു. യാത്രക്ക് ആവശ്യമായ വിമാന ടിക്കറ്റ് നൽകി കേളി അൽഖർജ് ഏരിയ കമ്മിറ്റി അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചു.