ദില്ലി: കാനഡയിൽ ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവ് നൽകാൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തെളിവ് നൽകിയാൽ പരിശോധിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. കാനഡയിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുണ്ട്. ഇന്ത്യക്കാർക്കെതിരായ ഭീഷണിയെ അപലപിക്കുന്നുവെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
കാനഡയോട് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെന്ന് ബാഗ്ചി പറഞ്ഞു. കാനഡയിലുള്ള ഇന്ത്യൻ പ്രതിനിധികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കാനഡ പ്രതിനിധികളുടെ എണ്ണം. ഇക്കാര്യം കാനഡയെ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി. ഇന്ത്യാക്കാർക്ക് വിസ നൽകുന്നതിൽ കാനഡ വിവേചനം കാണിക്കുന്നുണ്ട്. അത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. ജി20 ഉച്ചകോടിക്ക് എത്തിയപ്പോൾ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി അത് നിഷേധിച്ചു. ഇന്ത്യ അന്നു തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
അന്തർദേശീയ തലത്തിൽ ചർച്ചയായ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയല്ലാതെ അരിന്ദം ബാഗ്‌ചി പ്രസ്താവന നടത്തിയില്ല. കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്നും ഇതുകൊണ്ടാണ് വീസ നടപടികൾ താത്കാലികമായി നിർത്തിവച്ചതെന്നും ബാഗ്‌ചി വ്യക്തമാക്കി.
കാനഡ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളെ കുറയ്ക്കും എന്നാണ് വിവരമെന്ന് അദ്ദേഹം പറഞ്ഞു. നിജ്ജാർ കൊലപാതക കേസിൽ ഒരു തെളിവും ഇതുവരെ കാനഡ നൽകിയിട്ടില്ല. തെളിവ് നൽകിയാൽ പരിശോധിക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. കുറ്റകൃത്യങ്ങൾക്ക് എതിരെയുള്ള ഇന്ത്യയുടെ നിലപാട് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഇന്ത്യാക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് മാർഗനിർദേശം ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാർക്കെതിരായ ഭീഷണിയെ അപലപിക്കുന്നു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷന്റെയും കോൺസുലേറ്റിന്റെയും പ്രവർത്തനങ്ങളെ ഇപ്പോഴത്തെ ഭീഷണി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിസ നൽകുന്നത് താത്കാലികമായി നിർത്തിയത്.
ഈ സാഹചര്യം ഇനിയുള്ള ഓരോ ആഴ്ചയും അവലോകനം ചെയ്യും. ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾ സംബന്ധിച്ച തെളിവുകൾ കാനഡയ്ക്ക് കൈമാറിയിട്ടുണ്ട്. കാനഡയുമായുള്ള നയതന്ത്ര വിഷയത്തിൽ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ പരാമർശം ആരെങ്കിലും ഗൗരവത്തിലെടുക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.