ഡ്യൂട്ടിക്കിടയിൽ ഡോ. വന്ദനദാസ് ദാരുണമായി കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ തക്കതായ നടപടിയെടുക്കണം എന്ന് കേരള മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനത്തിൽ ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഷമീം, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പരിമൾ ചാറ്റർജി എന്നിവർ ആവശ്യപ്പെട്ടു. ഐ.എച്ച്.എം.എ ഭാരവാഹികൾ ഡോ. വന്ദനയുടെ ഭവനം സന്ദർശിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു.
ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഉടനീളം ലഹരി വിരുദ്ധ പ്രചാരണ പദ്ധതികളുമായി ശക്തമായി മുന്നിട്ടിറങ്ങുമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ലഹരി മരുന്നുകളുടെ ഉൽപാദനം, കടത്ത്, കച്ചവടം തുടങ്ങിയവ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുളള നിയമ നിർമാണം അടിയന്തരമായി ഉണ്ടാവണമെന്ന് ഐ.എച്ച്.എം.എ ആവശ്യപ്പെട്ടു.