ന്യൂഡൽഹി: സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പൽ കൂടി മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. കപ്പലിലുണ്ടായിരുന്ന പാകിസ്താൻകാരായ 19 ജീവനക്കാരെ രക്ഷിക്കുകയും കടൽക്കൊള്ളക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഫ്.വി അൽ നയീമിയാണ് 11 അംഗ കൊള്ളസംഘം തട്ടിയെടുത്തത്. കപ്പലിലുണ്ടായിരുന്ന പാകിസ്താൻകാരായ 19 ജീവനക്കാരെയും ബന്ദികളാക്കുകയും ചെയ്തു. തട്ടിയെടുത്ത കപ്പൽ തടഞ്ഞ ഇന്ത്യൻ നാവികസേന, കടൽക്കൊള്ളക്കാരെ കീഴടക്കി ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഫ്.വി ഇമാനും ഇന്ത്യൻ നാവികസേന മോചിപ്പിച്ച് 17 ജീവനക്കാരെ മോചിപ്പിച്ചിരുന്നു. ഇറാൻ കപ്പലിൽനിന്ന് അപായ മുന്നറിയിപ്പ് ലഭിച്ചയുടൻ ഐ.എൻ.എസ് സുമിത്ര എന്ന പടക്കപ്പൽ വിന്യസിച്ചാണ് ഇന്ത്യ രക്ഷാദൗത്യം നടത്തിയത്. സോമാലിയയുടെ കിഴക്കൻതീരത്ത് ഏദൻ കടലിടുക്കിൽ നിരീക്ഷണം നടത്തുന്നതിനിടയിലാണ് അപായസന്ദേശം എത്തിയത്. സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ സേന ഇടപെട്ട് ഇറാൻ കപ്പലിലുള്ളവരെയും കപ്പലും മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ കപ്പലിലെ ധ്രുവ് ഹെലികോപ്ടറിൽ ചെന്നാണ് ഇറാൻ കപ്പൽ മോചിപ്പിക്കണമെന്ന ആവശ്യം ആദ്യം നാവികസേന ഉന്നയിച്ചത്. എന്നാൽ, കടൽകൊള്ളക്കാർ ഇതിന് തയാറായില്ല. തുടർന്ന്, വിപുലമായ രക്ഷാദൗത്യം നടത്തുകയായിരുന്നു.