ലണ്ടൻ : അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ റിഷി സുനകിന് ഏറ്റവും കൂടുതൽ വോട്ട്. കൺസർവേറ്റീവ് പാർട്ടിയിലെ 88 എം പിമാർ റിഷി സുനകിനെ പിന്തുണച്ചു. രണ്ടാം ഘട്ടത്തിലേക്ക് പോകാൻ ചുരുങ്ങിയത് 30 എം പിമാരുടെ പിന്തുണ വേണ്ടിയിരുന്നു.
ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് റിഷി സുനകിൻ്റെ ഭാര്യ. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് ആറു പേർ ആകും ഉണ്ടാവുക. രണ്ട് പേർ മാത്രം മത്സര രംഗത്ത് ശേഷിക്കും വരെ പല ഘട്ടങ്ങളായി എം പിമാർക്ക് ഇടയിൽ വോട്ടെടുപ്പ് നടക്കും.
ജൂലൈ 21 ന് ഈ ദീർഘമായ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടു പേരിൽ ആരാകും പ്രധാനമന്ത്രി എന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.