ദില്ലി: ഒഡിഷ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 5,000 കോടി രൂപ ചെലവില്‍ കൂടുതല്‍ കവച് ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനങ്ങള്‍ വാങ്ങാന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. 3,000 കിലോമീറ്ററിലേക്ക് കവച് സംവിധാം ഒരുക്കാന്‍ 2021 ല്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതിന് പകരം ആകെ 12,000 കിലോമീറ്ററിലേക്ക് രണ്ട് ടെന്‍ഡറുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കാനാണ് നീക്കം. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനും അതുവഴി സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സംവിധാനമാണ് കവച്. കൃത്യമായ ഇടപെടല്‍ നടത്താന്‍ ലോകോപൈലറ്റ് പരാജയപ്പെട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഓട്ടോമാറ്റിക് ബ്രേക്ക് ആപ്ലിക്കേഷനാണ് കവചിന്റെ സുപ്രധാന സവിശേഷത. റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (RDSO) മൂന്ന് ഇന്ത്യന്‍ സംരംഭകരുമായി സഹകരിച്ചാണ് കവച് വികസിപ്പിച്ചെടുത്തത്.
‘6,000 കിലോമീറ്റര്‍ റെയില്‍വേ ലൈനില്‍ കവച് കമ്മീഷന്‍ ചെയ്യുന്നതിനുള്ള ഒരു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കാനാണ് നിര്‍ദേശം. ഇതോടെ അടുത്ത വര്‍ഷം ജനുവരിയോടെ ഇതിനുള്ള ടെണ്ടറുകള്‍ ക്ഷണിക്കാനാകും. ഇതിന് ശേഷം അടുത്ത 6,000 കിലോമീറ്ററിനുള്ള ഡിപിആര്‍ കമ്മീഷന്‍ ചെയ്ത് നടപ്പാക്കും. കവചിനായി 12,000 കിലോമീറ്റര്‍ ടെന്‍ഡര്‍ അടുത്ത വര്‍ഷം ഘട്ടംഘട്ടമായി നല്‍കാനാണ് പദ്ധതി” – റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.