ഡൽഹി : ഏപ്രിൽ 15 മുതൽ പുതിയ തത്കാൽ ടിക്കറ്റ് ബുക്കിങ് സമയം പരിഷ്‌ക്കരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ. നിലവിൽ ബുക്കിങ് സംവിധാനത്തിൽ മാറ്റമില്ലെന്നും അത്തരമൊരു നീക്കം ആസൂത്രണം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി). എ.സി, നോൺ എ.സി ക്ലാസ്സുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്കിങ് സമയം മാറ്റിയതായി തെറ്റിദ്ധരിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്നാണ് റെയിൽവേയുടെ വിശദീകരണം. ഇന്ത്യൻ റെയിൽവേയിൽ അവസാന നിമിഷം ബുക്കിങ് നടത്താവുന്ന ഒരു ഓപ്ഷനാണ് തത്കാൽ ടിക്കറ്റ്. ഐ.ആർ.സി.ടി.സി ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും തത്കാൽ ടിക്കറ്റുകൾ ലഭ്യമാകും. യാത്രക്ക് ഒരുദിവസം മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. പരിമിതമായ സീറ്റുകൾ മാത്രമേ തത്കാൽ ടിക്കറ്റിൽ ലഭ്യമാകൂ.