മുംബൈ: നഗരത്തിലെ വെസ്റ്റ് ബോറിവാലിയിലെ ഹോട്ടലിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഹോട്ടലിന്റെ സ്റ്റോർറൂമിൽനിന്നാണ് പുലർച്ചെ നാലുമണിയോടെയാണ് പാമ്പിനെ പിടികൂടിയത്.വാട്ടർ ബോട്ടിലുകൾ അട്ടിയിട്ടതിന് മുകളിൽ വിശ്രമിക്കുകയായിരുന്ന പാമ്പ് ഒരു ജീവനക്കാരന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. അർധരാത്രി ഹോട്ടൽ അടച്ചശേഷം ജീവനക്കാരെല്ലാം ഗാഢനിദ്രയിലായിരുന്നു. ഇതിനിടയിൽ പുലർച്ചെ ഒരു ജീവനക്കാരൻ വെള്ളം കുടിക്കാനായി ഉണർന്നപ്പോഴാണ് സ്റ്റോർ റൂമിൽ പാമ്പിനെ കണ്ടത്.
ജീവനക്കാരൻ ഉടൻതന്നെ ദഹിസർ കേന്ദ്രമായി പ്രവർത്തിക്കുന്ന പാമ്പുപിടിത്തക്കാരൻ സായ് മോന്ദ്കറെ വിവരമറിയിച്ചു. അൽപം ശ്രമകരമായി പാമ്പിനെ പിടിക്കേണ്ടതുണ്ടെന്നതിനാൽ മോന്ദ്സർ മറ്റൊരു പാമ്പുപിടിത്തക്കാരനായ സുനിൽ ഗുപ്തയുടെ സഹായം തേടി.ഗുപ്ത സ്ഥലത്തെത്തി വാട്ടർബോട്ടിലുകൾ അട്ടിയിട്ടതിന് മുകളിൽനിന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. ഏഴടി നീളമുള്ള പെരുമ്പാമ്പാണ് പിടിയിലായത്. ഇതിനെ പിന്നീട് കാട്ടിൽ വിട്ടയച്ചു.