മുംബൈ: ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾക്ക് ഇന്നും തിരിച്ചടി. നിഫ്റ്റി 16300 ന് താഴെ പോയപ്പോൾ സെൻസെക്സ് 768 പോയിന്റ് ഇടിഞ്ഞു. സെൻസെക്സ് 54,333.81 പോയിന്റിൽ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. 1.40 ശതമാനമാണ് ഇടിവ്. 768.87 പോയിന്റ് നഷ്ടത്തിലാണ് ബോംബെ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിലും സമാനമായ നിലയിൽ തിരിച്ചടി നേരിട്ടു. 1.53 ശതമാനം ഇടിഞ്ഞ് 16,245.40 പോയിന്റിൽ നിഫ്റ്റി ഇന്ന് ക്ലോസ് ചെയ്തു. 252.60 പോയിന്റ് ആണ് ഇന്നത്തെ ഇടിവ്. ഇന്ന് 1204 ഓഹരികൾ മുന്നേറിയപ്പോൾ 2075 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 96 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ടൈറ്റൻ കമ്പനി, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. ഡോക്ടർ റെഡ്‌ഡിസ് ലബോറട്ടറി, ഐടിസി, ടെക് മഹീന്ദ്ര, സൺ ഫാർമ, അൾട്രാടെക് സിമന്റ് തുടങ്ങിയ കമ്പനികൾ ഇന്ന് നേട്ടമുണ്ടാക്കി. ഐടി സെക്ടർ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.