അമേരിക്കൻ സ്കോളർഷിപ്പിനായി പിതാവ് മരിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റില്‍. ലെഹി യൂണിവേഴ്‌സിറ്റിയിലെ മുൻ വിദ്യാർത്ഥിയായ ആര്യൻ ആനന്ദ് ആണ് അമേരിക്കയിലെ പെൻസിൽവാനിയയിലെ പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് സ്കോളർഷിപ്പ് നേടിയെടുക്കാനായി അച്ഛന്‍റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. സാമ്പത്തിക രേഖകളും ട്രാൻസ്‌ക്രിപ്റ്റുകളും വ്യാജമായി സൃഷ്ടിച്ചതോടൊപ്പം തന്നെ സ്വന്തം പിതാവിന്‍റെ വ്യാജ മരണ സർട്ടിഫിക്കറ്റും ഇയാൾ തയ്യാറാക്കി. കൂടാതെ തന്‍റെ സ്കൂൾ പ്രിൻസിപ്പലിന്‍റെത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ വ്യാജ ഇമെയിൽ വിലാസം സൃഷ്ടിക്കുകയും അത് ഉപയോഗിച്ച് ആര്യന്‍ വ്യജ മെയിലുകള്‍ അയക്കുകയും ചെയ്തു.
അടുത്തിടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ തന്‍റെ ജീവിതവും കരിയറും കെട്ടിപ്പടുത്തതിനെക്കുറിച്ച് ഇയാൾ പരസ്യമായി തുറന്നു പറച്ചിൽ നടത്തിയതിലൂടെയാണ് സംഭവങ്ങൾ പുറത്ത് വന്നത്. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ ആര്യന്‍ ആനന്ദ് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ഏപ്രിൽ 30 -ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, സേവനങ്ങൾ മോഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ ചുമത്തിയത്. ലെഹി സർവകലാശാല പോലീസ് ഡിപ്പാർട്ട്മെന്‍റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ആര്യൻ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതോടെ പോലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ കൃത്യമായ ഇടപെടലിനെ അഭിനന്ദിച്ച് കൊണ്ട് ലെഹി സർവ്വകലാശാലയും പ്രസ്താവന ഇറക്കി.
പോലീസിൻറെ സൂക്ഷ്മമായ അന്വേഷണത്തെ സർവ്വകലാശാല അധികൃതർ അഭിനന്ദിച്ചു. റെഡ്ഡിറ്റ് പോസ്റ്റ് എഴുതിയത് ആര്യൻ ആണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ആര്യൻ ആനന്ദിന്‍റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) ആണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. 10 മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് ആര്യൻ ആനന്ദ് ചെയ്തതെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, യൂണിവേഴ്സിറ്റി അധികൃതരുടെ അപ്പീൽ കാരണം ഇയാളെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കുകയും ശിക്ഷയായി ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും.