ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ അലന്‍ മാളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും. അമേരിക്കയില്‍ പ്രൊജകട് മാനേജരായി ജോലി ചെയ്യുന്ന ഹൈദരബാദ് സ്വദേശിനിയായ 27കാരി ഐശ്വര്യ തട്ടിഖോണ്ടയാണ് ടെക്സാസ് മാളിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഐശ്വര്യയുടെ സുഹൃത്തിനും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ഹൈദരബാദിലെ സരൂര്‍ നഗര്‍ സ്വദേശിയാണ് ഐശ്വര്യ. പെര്‍ഫക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്സ് കമ്പനിയില്‍ പ്രൊജക്ട് മാനേജരായിരുന്നു ഈ 27കാരി. ജില്ലാ ജഡ്ജിയായ നര്‍സി റെഡ്ഡിയാണ് ഐശ്വര്യയുടെ പിതാവ്.
ശനിയാഴ്ചയാണ് നിറയെ ആളുകള്‍ ഉണ്ടായിരുന്ന മാളില്‍ 33 കാരനായ മൌരീഷിയോ ഗാര്‍സിയ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ചയോടെ ഐശ്വര്യയുടെ മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളുള്ളത്. മൂന്ന് കുട്ടികള്‍ അടക്കം 9 പേരാണ് അലന്‍ മാളിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. തീവ്രവലതുപക്ഷ സ്വഭാവമുള്ള സംഘടനകളുമായി അനുഭാവമുള്ള വ്യക്തിയാണ് വെടിവയ്പ് നടത്തിയതെന്നാണ് പ്രാഥമിക സൂചനകളെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
വെടിയേറ്റ ആറ് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. വിദ്വേഷ ഗ്രൂപ്പുകളുമായി ബന്ധമുള്ള അടയാളമുള്ള വസ്ത്രങ്ങള്‍ ധരിച്ചയാളായിരുന്നു അക്രമിയെന്നതിനാല്‍ ഇയാളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ പൊലീസ് നിരീക്ഷിക്കുകയാണ്. റൈറ്റ് വിംഗ് ഡെത്ത് സ്ക്വാഡ് എന്ന ഗ്രൂപ്പുമായി ഇയാള്‍ക്ക് ബന്ധമുള്ളതായാണ് സംശയിക്കപ്പെടുന്നത്. വംശീയ ആക്രമണമാകാനുള്ള സാധ്യതകളും അലന്‍ മാള്‍ വെടിവയ്പിനുണ്ടെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി തവണ ഈ മാള്‍ അക്രമി ഇതിന് മുന്‍പും സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
2008ല്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നിരുന്ന അക്രമിയെ ശാരീരിക ക്ഷമത പരാജയപ്പെട്ടതിന് പിന്നാലെ മൂന്ന് മാസത്തിന് ശേഷം പുറത്താക്കിയിരുന്നു. ഇതിന് ശേഷം ഒരു സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളല്ല ഇയാളെന്നും പൊലീസ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. പൊതുജനത്തിന് നേരെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ അക്രമി ജനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നത്.