ദില്ലി : ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. അടുത്ത മാസമാണ് പരിമിത ഓവർ പര്യടനം. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായാണ് ഇന്ത്യ ശ്രീലങ്കയിലെത്തുക. 2022 വനിതാ ലോകകപ്പിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാവും ഇത്. ജൂൺ 23ന് ആരംഭിക്കുന്ന പര്യടനം ജൂലായ് 7ന് അവസാനിക്കും.
പര്യടനത്തിനായുള്ള ടീമിനെ ഉടൻ പ്രഖ്യാപിക്കും. ഭാവിയിലേക്കുള്ള മുതൽക്കൂട്ടായി പുതിയ ഏകദിന ക്യാപ്റ്റനെയും തെരഞ്ഞെടുക്കും. നിലവിലെ ക്യാപ്റ്റൻ മിതാലി രാജ് ടീമിൽ തുടർന്നേക്കാമെങ്കിലും ഏറെക്കാലം താരം കളിക്കളത്തിൽ തുടരില്ലെന്നുറപ്പാണ്. മുതിർന്ന പേസർ ഝുലൻ ഗോസ്വാമിയ്ക്ക് ടീമിൽ ഇടം ലഭിക്കുമോ എന്ന് കണ്ടറിയണം. ഈ മാസം നടക്കാനിരിക്കുന്ന വനിതാ ടി-20 ചലഞ്ചിൽ മിതാലി രാജിനും ഝുലൻ ഗോസ്വാമിക്കും ഇടം ലഭിച്ചിട്ടില്ല. കഴിഞ്ഞ സീസൺ വരെ വെലോസിറ്റിയുടെ ക്യാപ്റ്റനായിരുന്നു മിതാലി. ഇക്കൊല്ലം ഓൾറൗണ്ടർ ദീപ്തി ശർമ്മയാണ് ടീമിനെ നയിക്കുക. ഈ മാസം 23നാണ് വനിതാ ടി-20 ചലഞ്ച് ആരംഭിക്കുക. 23, 26 തീയതികളിൽ ബാക്കി ലീഗ് മത്സരങ്ങളും 28ന് ഫൈനലും നടക്കും. പൂനെ എംസിഎ സ്റ്റേഡിയത്തിലാണ് ഫൈനൽ.