മുംബൈ: ഇന്ത്യയുടെ വാർഷിക സാമ്പത്തിക വളർച്ച ഏതാനും വർഷത്തേക്ക് കുറയുമെന്ന് റിപ്പോർട്ട്. ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇൻക്., ബാർക്ലേസ് പി.എൽ.സി എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധരാണ് സാമ്പത്തിക വളർച്ച കുറയുമെന്ന പ്രവചനം നടത്തിയത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിയിലേക്ക് പണപ്പെരുപ്പം എത്തിക്കുക എന്ന ലക്‌ഷ്യം ഫലം കാണുമെങ്കിലും സാമ്പത്തിക വളർച്ചയിൽ മന്ദത ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2022-ന്റെ തുടക്കം മുതൽ പണപ്പെരുപ്പ നിരക്ക് ആർബിഐയുടെ ടോളറൻസ് ബാൻഡിന് മുകളിലാണ്. 2024-ഓടെ ഇത് തിരികെ കൊണ്ടുവരാൻ ആർബിഐ ശ്രമിക്കുന്നുണ്ട്.
വളർച്ചാ മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് ഗോൾഡ്‌മാൻ സാക്‌സിന്റെ സന്താനു സെൻഗുപ്ത അഭിപ്രായപ്പെടുന്നത്. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ 7.1 ശതമാനത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം ജിഡിപി വിപുലീകരണം 6 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സന്താനു സെൻഗുപ്ത പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് പലിശ നിരക്കിൽ മെയ് മുതൽ 190 ബേസിസ് പോയിന്റ് വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മന്ദഗതിയിലുള്ള വളർച്ച ആഗോള മാന്ദ്യവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് എന്ന് ആക്‌സിസ് ബാങ്ക് ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ പറഞ്ഞു. ഡിമാൻഡ് കുറയുന്നത് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനും പണപ്പെരുപ്പത്തിന്റെ കുത്തനെയുള്ള കുതിച്ചുചാട്ടം സാധ്യമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാർച്ചിൽ അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം ഇന്ത്യ 7 ശതമാനം വളർച്ച രേഖപ്പെടുത്തുകയും അതിനു ശേഷമുള്ള വർഷം 6.1 ശതമാനമായി കുറയുകയും ചെയ്യും എന്നാണ് ബ്ലൂംബെർഗ് സർവേയിൽ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചത്, ഈ സാമ്പത്തിക വർഷത്തിലെ 6.7 ശതമാനത്തിൽ നിന്ന് 2024 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്നും പ്രവചനമുണ്ട്.