ദില്ലി: ഏതാണ് ശക്തമായ പാസ്വേര്‍ഡ് എന്നത് ഇപ്പോള്‍ ടെക് ലോകത്തെ പ്രധാന ചോദ്യമാണ്. സമീപകാലത്തെ സൈബർ സുരക്ഷാ ലംഘനങ്ങൾ കണക്കിലെടുക്കുമ്പോൾ പാസ്വേര്‍ഡുകള്‍ ശക്തമാക്കേണ്ടത് ഒരോ ഇന്‍റര്‍നെറ്റ് ഉപയോക്താവിന്‍റെയും ആവശ്യമാണ്.
എന്നാല്‍ നിരവധി ആപ്പുകളും, സൈറ്റുകളും റജിസ്ട്രേഷനും മറ്റും ഉപയോഗിക്കുന്ന നാം പക്ഷെ ഇന്ന് പലപ്പോഴും എളുപ്പമുള്ള പാസ്‌വേഡുകൾ സ്വയം തിരഞ്ഞെടുക്കുന്നു. പലപ്പോഴും അത് വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടതും. ജോലിസ്ഥലവുമായോ ബന്ധപ്പെട്ടതായിരിക്കും. ഇപ്പോൾ, ഒരു പുതിയ റിപ്പോർട്ട് 2022ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്വേര്‍ഡുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
നോർഡ് സെക്യൂരിറ്റിയുടെ പാസ്‌വേഡ് മാനേജർ വിഭാഗമായ നോര്‍ഡ് പാസാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് നടത്തിയത്. “ഏറ്റവും സാധാരണമായ 200 പാസ്‌വേഡുകൾ” എന്ന തലക്കെട്ടിലുള്ള ഒരു റിപ്പോർട്ടിൽ, ആളുകൾ ഇപ്പോഴും തങ്ങളുടെ അക്കൗണ്ടുകൾ പരിരക്ഷിക്കുന്നതിന് ദുർബലമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് വിവരങ്ങള്‍ ഉള്ളത്.
ഇന്ത്യയിൽ ഏറ്റവും സാധാരണമായ പാസ്‌വേഡായി ഉപയോഗിക്കുന്നത് ‘Password’ എന്ന വാക്ക് തന്നെയാണ്. ഇത് ഏകദേശം 34 ലക്ഷത്തിലധികം തവണ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ലിസ്റ്റിലെ രണ്ടാമത്തെയും മൂന്നാമത്തേയും “123456”,”12345678″ എന്നിവയാണ്. രണ്ടും ഒരു ലക്ഷത്തിലധികം ഉപയോഗങ്ങള്‍ ഈ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നു. 8,941 ഉപയോക്താക്കളുള്ള “abcd1234” ലിസ്റ്റിലും ഉണ്ട്. മൂന്ന് പാസ്‌വേഡുകളും ഒരു സെക്കൻഡിനുള്ളിൽ സൈബര്‍ ആക്രമണം നടത്തുന്നയാള്‍ക്കോ, അല്ലെങ്കില്‍ അനധികൃത ആക്സസ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ കൈയ്യടക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രാജ്യത്ത് ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ നാലാമത്തെ പാസ്‌വേഡാണ് “ബിഗ്ബാസ്കറ്റ്”. 75,000-ത്തിലധികം ആളുകൾ ഇത് ഉപയോഗിച്ചതായി റിപ്പോർട്ട് പറയുന്നു. “123456789” പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്, തുടർന്ന് “pass@123”, “1234567890” എന്നിവയും പട്ടികയിലുണ്ട്. “anmol123” എന്ന പാസ്വേര്‍ഡ് 10,000-ലധികം തവണ ഉപയോഗിച്ചുകൊണ്ട് എട്ടാം സ്ഥാനത്ത് ഉണ്ട്.
പത്താമത്തെ പ്രധാന പാസ്വേര്‍ഡ് “ഗൂഗിൾഡമ്മി” എന്ന പാസ്വേര്‍ഡിനാണ്. അത് തകർക്കാൻ ഏതൊരു ഹാക്കർക്കും 23 മിനിറ്റ് മതിയെന്നാണ് പഠനം പറയുന്നത്. ഈ വർഷം ഈ പാസ്വേര്‍ഡ് 8,300 തവണ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഏറ്റവും മോശം പാസ്‌വേഡുകൾ എല്ലാ വർഷവും മാറാറുണ്ട്. എന്നാല്‍ അത് സൃഷ്ടിക്കപ്പെടുന്നത് അടിസ്ഥാന മനുഷ്യർ ശീലങ്ങളാണ്. എല്ലാ വർഷവും ഗവേഷകർ ചില പതിവ് രീതികള്‍ കാണുന്നുണ്ട്. സ്‌പോർട്‌സ് ടീമുകൾ, സിനിമാ കഥാപാത്രങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ എല്ലാ പാസ്‌വേഡ് ലിസ്റ്റിലും ആദ്യസ്ഥാനങ്ങളില്‍ കാണാം. സൈബർ സുരക്ഷാ ഗവേഷണത്തിൽ വിദഗ്ധരായ സ്വതന്ത്ര ഗവേഷകരുടെ പങ്കാളിത്തത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 30 രാജ്യങ്ങളിൽ ഗവേഷണം നടത്തി.