ദില്ലി : രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗുണങ്ങള്‍ ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുജറാത്തില്‍ കേന്ദ്രം തുടങ്ങുന്നതിന് ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഒപ്പുവെച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഗുജറാത്തിലെ ജാംനഗര്‍ ആസ്ഥാനമായാണ് ലോകാരോഗ്യ സംഘടനയുടെ കീഴില്‍ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നത്. ‘ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദരമാണ് ഈ നീക്കം. നമ്മുടെ രാജ്യത്ത് സമ്പന്നമായ പരമ്പരാഗത രീതികള്‍ ആഗോള നന്മയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ഈ നീക്കം ആരോഗ്യരംഗത്ത് ഇന്ത്യയെ ഏറെ മുന്നിലേക്ക് കൊണ്ടുവരും. ഇപ്പോള്‍ തന്നെ നമ്മുടെ രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്ത്ര രീതികള്‍ ലോകത്ത് പലയിടത്തും പ്രചാരത്തിലുണ്ട്. മാത്രമല്ല, സമൂഹത്തിന്റെയാകെ ക്ഷേമത്തിന് ഇത് വഴിയൊരുക്കും’. പ്രധാനമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ചയാണ് ജാംനഗറില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം സ്ഥാപിക്കുന്നതിനായി ആരോഗ്യമന്ത്രാലയം കരാറില്‍ ഒപ്പുവെച്ചത്. ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ പ്രയോജനപ്പെടുത്തുകയും ലോകരാജ്യങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യരംഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് who ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 250 മില്യണ്‍ യുഎസ് ഡോളറാണ് നിക്ഷേപമൂല്യം. ലോക ജനസംഖ്യയുടെ 80 ശതമാനവും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായാണ് ഡബ്ല്യുഎച്ച്ഒയുടെ വിശദീകരണം. ഏപ്രില്‍ 21നാണ് ലോഞ്ചിങ്.