കൊച്ചി : ഓണം കൊള്ളയിൽ നിസംഗത പാലിച്ച് റെയിൽവേ. മികച്ച വരുമാനമുണ്ടായിരുന്ന എറണാകുളം -ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ നിർത്തലാക്കിയതോടെ ബെംഗളൂരു മലയാളികൾ ഓണം സീസണിൽ പ്രതിസന്ധിയിലായി. ഓഗസ്റ്റ് 26 വരെ സർവീസ് നടത്തിയ ട്രെയിൻ ഇനി എന്ന് സർവീസ് വീണ്ടും തുടങ്ങുമെന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഓണം ഉത്സവ സീസൺ അടുത്തിരിക്കെ ആയിരക്കണക്കിന് മലയാളികളുടെ നാട്ടിലേക്കുളള യാത്ര അനിശ്ചിത അവസ്ഥയിലാക്കിയാണ് റെയിൽവേ സർവീസ് നിർത്തലാക്കിയത്. തീവെട്ടി കൊള്ളയാണ് ബെംഗളൂരു-കൊച്ചി ബസ് റൂട്ടിൽ നടക്കുന്നത്. ഇത് ഓണം അടക്കമുളള ഉത്സവ സീസണിലും അവധി ദിവസങ്ങളിലും കൂടും. ട്രെയിൻ നിർത്തിയതോടെ സ്വകാര്യ ബസ് സർവീസുകൾക്ക് കൊളള തുടരാമെന്ന സ്ഥിതിയായി.
ജൂലൈ 25നാണ് ആഴ്ചയിൽ മൂന്ന് ദിവസത്തെ സർവീസായി എറണാകുളം –ബെംഗളൂരു സ്പെഷൽ സർവീസ് ആരംഭിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവീസ് നീട്ടുമെന്നായിരുന്നു റെയിൽവേ അറിയിച്ചത്. എറണാകുളം–ബെംഗളൂരു സർവീസിന് 105 ശതമാനവും ബെംഗളൂരു–എറണാകുളം സർവീസിന് 88 ശതമാനവുമായിരുന്നു ബുക്കിങ്. മികച്ച വരുമാനമുണ്ടായിട്ടും സർവീസ് നീട്ടാതെ നിർത്തലാക്കുകയായിരുന്നു.