ന്യൂഡൽഹി: ഇൻഡിഗോയിൽ വിമാനത്തിൽ വനിത യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ സൗകര്യമൊരുക്കുന്നു. അതനുസരിച്ച് ഇനി മുതൽ വനിതകൾക്ക് മറ്റ് വനിത സഹയാത്രികരുടെ അടുത്ത് തന്നെ സീറ്റുകൾ ബുക്ക് ചെയ്യാം. ആരൊക്കെയാണ് യാത്രയിൽ തന്റെ അടുത്തിരിക്കുന്നത് എന്നത് മുൻകൂട്ടി അറിയാനും വനിതകൾക്ക് അവസരമൊരുക്കും. ഒറ്റക്ക് സഞ്ചരിക്കുന്ന വനിതകളുടെയും കുടുംബത്തിനൊപ്പം യാത്രചെയ്യുന്നവർക്കൊപ്പം ഈ സൗകര്യമുണ്ടാകും.
സമീപകാലത്ത് വിമാനയാത്രക്കിടെ പുരുഷ യാത്രികരിൽ നിന്ന് വനിതകൾ നേരിട്ട പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇൻഡിഗോയുടെ നടപടി. 2023 ജനുവരിയിൽ എയർ ഇന്ത്യ വിമാനത്തിൽ വനിത യാത്രികയുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അതേ വർഷം ജൂലൈയിൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് പ്രഫസർ വനിത സഹയാത്രികക്കു നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലും മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലും യാത്രക്കാരി സഹയാത്രികനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു. തുടർന്നാണ് വനിതകളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ഇൻഡിഗോ തയാറായത്. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസുകളിലൊന്നാണ് ഇൻഡിഗോ. 2023ലെ കണക്കനുസരിച്ച് 60.5 ശതമാനമാണ് ഇൻഡിഗോയുടെ മാർക്കറ്റ് വിഹിതം.