തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി വിമാനക്കമ്പനി ഇൻഡിഗോ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പോലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പോലീസിന് റിപ്പോർട്ട് നൽകി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോൺഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാൽ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തവരെ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഇ പി ജയരാഡൻ പിടിച്ചു തള്ളിയിരുന്നു. റിമാന്റിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് അപേക്ഷയിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തീരുമാനം ഇന്നുണ്ടാകും. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡിഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.
യാത്രക്കാരനായ രാഷ്ട്രീയനേതാവ് ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി കൈമാറിയത്.