തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് പുതിയ ഒറ്റത്തവണ പ്രതിദിന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. തിരുവനന്തപുരത്ത് നിന്ന് ഇൻഡിഗോയുടെ 6ഇ-2447 എന്ന വിമാനം പുലർച്ചെ 3.05ന് പുറപ്പെട്ട് പൂനെ വഴി രാവിലെ ഏഴിന് നാഗ്പൂരിലെത്തും. തിരിച്ച് സർവീസ് നടത്തുന്നത് 6ഇ -835 വിമാനം നാഗ്പൂരിൽ നിന്ന് 12.05 ന് പുറപ്പെട്ട് 4.10 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
മുൻപ് തിരുവനന്തപുരം-നാഗ്പൂർ സെക്ടറിൽ യാത്ര ചെയ്യാൻ രണ്ട് വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വന്നിരുന്നു. പൂനെയിൽ 45 മിനിറ്റാണ് വിമാനം നിർത്തുക.എന്നാൽ മാറി കയറേണ്ട ആവശ്യം വരുന്നില്ല. ഇന്ത്യയുടെ തെക്കേ അറ്റം വരെയുള്ള ഓറഞ്ച് സിറ്റിയിലേക്കും തിരിച്ചുമുള്ള സഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനപ്പെടും.
ഇൻഡിഗോ ജനുവരിയിൽ തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് ഒരു പുതിയ പ്രതിദിന വിമാന സർവീസ് ആരംഭിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര വ്യോമഗതാഗതം വരും മാസങ്ങളിൽ വർദ്ധിക്കും, അതുവഴി തലസ്ഥാനത്തേക്ക് കൂടുതൽ കണക്റ്റിവിറ്റി ഉണ്ടാകും.
തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ ശരാശരി എണ്ണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരട്ടിയായി. അന്താരാഷ്ട്ര വിമാന സർവീസുകളിൽ 120 ശതമാനമാണ് വർധന. ആഭ്യന്തര വിമാന സർവീസുകളിൽ 110 ശതമാനവും വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ, പ്രതിദിനം 9,000-ത്തിലധികം യാത്രക്കാർ വിമാനത്താവളം ഉപയോഗിക്കുന്നു, രണ്ട് വർഷം മുമ്പ് ഇത് ശരാശരി 4,000 ആയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോകുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണവും കഴിഞ്ഞ വർഷം ഇരട്ടിയായി.