പാമോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ലോകരാജ്യങ്ങൾക്ക് ആശ്വാസം. ആഭ്യന്തര ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിലും വിതരണത്തിലും പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് പാമോയിൽ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചത്. തിങ്കളാഴ്ച മുതൽ നിരോധനം നീക്കുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു.
ആഭ്യന്തര വിലക്കയറ്റം നേരിടാൻ ഇക്കഴിഞ്ഞ ഏപ്രിൽ 28 മുതലായിരുന്നു ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചത്. ഏപ്രിലിലെ കയറ്റുമതി നിരോധനത്തിന് മുമ്പ് പാമോയിൽ വില ലിറ്ററിന് 19,800 രൂപയായിരുന്നു. നിരോധനത്തിന് ശേഷം ശരാശരി വില ലിറ്ററിന് 17,200 മുതൽ 17,600 രൂപ വരെ കുറഞ്ഞതായി ജോക്കോ വിഡോഡോ പറഞ്ഞു.
ലോകത്ത് പാം ഓയിൽ ഉൽപ്പാദക രാഷ്ട്രങ്ങളിൽ ഒന്നാമതാണ് ഇന്തോനേഷ്യ. ഇവർ കയറ്റുമതി നിരോധിക്കാൻ തീരുമാനിച്ചതോടെ ആഗോള വിപണിയില്‍ പാമോയിൽ വില കുതിച്ചുയർന്നിരുന്നു. ആഗോള പാമോയിൽ വിതരണത്തിന്റെ 60 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ്. റഷ്യ – യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയുണ്ടായ ആഗോള ഭക്ഷ്യ വിലക്കയറ്റത്തിന് ഉണ്ടായ ഇരട്ട പ്രഹരമായിരുന്നു പാമോയില്‍ വില വര്‍ധനവ്.
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കൂടുതൽ ചെലവേറിയ സോയാബീൻ, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയ്‌ക്ക് പകരം താരതമ്യേന വില കുറഞ്ഞ പാമോയിലാണ് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം മാത്രമേ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 60 ശതമാനവും ഇറക്കുമതിയാണ്. ഫെബ്രുവരിയിൽ, കേന്ദ്രസർക്കാർ അസംസ്കൃത പാമോയിൽ (സിപിഒ) ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി വെട്ടിക്കുറച്ചിരുന്നു. ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 80 മുതൽ 85 ലക്ഷം ടൺ വരെ പാമോയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന പാമോയിലില്‍ 45 ശതമാനത്തോളം ഇന്തോനേഷ്യയിൽ നിന്നാണ് എത്തുന്നത്. ബാക്കി മലേഷ്യയിൽ നിന്നും.
ഇന്തോനേഷ്യ നിരോധനം നീക്കുന്നതോടെ പാമോയിലിന് ആഗോള വിപണിയിൽ വില കുറയും. കേക്കുകൾ മുതൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പാമോയിലിന്റെ വില കുറയുന്നതോടെ ആഗോളതലത്തിൽ ഉൽപ്പാദകർക്ക് നിര്‍മ്മാണ ചെലവ് കുറയും. ഇതിനോട് അനുബന്ധമായ എല്ലാ ഉത്പന്നങ്ങളുടെയും വില കുറയാനാണ് സാധ്യത.