പറവൂർ: ലക്ഷങ്ങൾ മുടക്കി ചെറുകിട വ്യവസായം തുടങ്ങാൻ കെട്ടിടം ഉൾപ്പെടെ നിർമിച്ചിട്ടും അനുമതി നൽകാതെ പഞ്ചായത്ത് അധികൃതർ അനാസ്ഥ കാട്ടുന്നതായി സംരംഭകന്റെ പരാതി. ഇതു സംബന്ധിച്ച് ചിറ്റാറ്റുകര മാച്ചാംതുരുത്ത് ഉദയദീപത്തിൽ രാജ്കുമാർ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകി. കിടപ്പാടം പണയപ്പെടുത്തി 70 ലക്ഷം രൂപ വായ്പയെടുത്ത് കെട്ടിടം ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങളും മറ്റും വാങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു.
എന്നാൽ, പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. ഇക്കാര്യത്തിൽ തിങ്കളാഴ്ച കലക്ടറേറ്റിൽ രാജ്കുമാറിന്റെ പരാതികേട്ട മന്ത്രി പി. രാജീവ് പ്രശ്നപരിഹാരത്തിന് ഉടൻ നടപടി സ്വീകരിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടു. ചേന്ദമംഗലം എൻജിനീയറിങ് വിഭാഗം അംഗീകരിച്ച പ്ലാൻ അനുസരിച്ച് കെട്ടിടം നിർമിച്ചിട്ടും സ്നാക്സ് നിർമാണ യൂനിറ്റ് തുടങ്ങാൻ അനുവദിക്കുന്നില്ലെന്ന് രാജ് കുമാർ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഒരു ഉദ്യോഗസ്ഥൻ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പറഞ്ഞു.
സംരംഭം തുടങ്ങാനാകാതെ വന്നതോടെ ആത്മഹത്യയുടെ വക്കിലാണെന്ന് ചൂണ്ടിക്കാട്ടി രാജ്കുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പഞ്ചായത്ത് ഒമ്പതാം വാർഡ് കോട്ടയിൽ കോവിലകത്ത് 19 സെൻറ് സ്ഥലം 10 വർഷത്തേക്ക് വാടകക്കെടുത്താണ് കെട്ടിടം നിർമിച്ചത്. പ്രതിമാസം 6000 രൂപയാണ് വാടക. യൂനിറ്റിന് ആവശ്യമായ യന്ത്രങ്ങൾ തായ്വാനിൽനിന്നും കോയമ്പത്തൂരിൽ നിന്നുമാണ് എത്തിച്ചത്. കെട്ടിടനിർമാണം പൂർത്തിയാക്കി അംഗീകാരത്തിനായി സമർപ്പിച്ചപ്പോൾ അതിരളവുകൾ കൃത്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ, സ്ഥലത്തിന്റെ അതിരുകളിൽനിന്ന് മൂന്ന് മീറ്ററിലേറെ നീക്കിയും അംഗീകാരം കിട്ടിയ പ്ലാനിൽനിന്നു 30 ചതുരശ്രയടി കുറച്ചുമാണ് കെട്ടിടം നിർമിച്ചതെന്ന് രാജ്കുമാർ പറഞ്ഞു. 70 ലക്ഷം രൂപ വായ്പയെടുക്കാൻ 20 സെന്റ് സ്ഥലവും വീടും ബാങ്കിൽ പണയപ്പെടുത്തി. തുടങ്ങാൻ കഴിയാത്ത സംരംഭത്തിന് വേണ്ടി നാലു മാസമായി 27,000 രൂപ വീതം ബാങ്കിൽ അടച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ, സംരംഭത്തിന് അനുകൂല നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നിലപാടിനെതിരെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പഞ്ചായത്ത് പ്രസിഡൻറ് ലീന വിശ്വൻ പറഞ്ഞു. പഞ്ചായത്തിൽ മുമ്പുണ്ടായിരുന്ന മറ്റൊരു ഓവർസിയറെ വിളിച്ചുവരുത്തി സംരംഭം തുടങ്ങുന്ന സ്ഥലം അളന്നപ്പോൾ നിയമ ലംഘനമില്ലെന്നാണ് പറഞ്ഞതെന്നും പ്രസിഡൻറ് പറഞ്ഞു.