തിരുവല്ല: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചു കിട്ടിയെങ്കിലും സംഭവത്തിലെ നിഗൂഢത ഇന്നും നീങ്ങിയിട്ടില്ല. കുട്ടിയെ കടത്തികൊണ്ടുപോയ നീതുവിന്റെ അറസ്റ്റിൽ പകച്ചിരിക്കുകയാണ് ഭർതൃവീട്ടുകാരും ബന്ധുക്കളും നാട്ടുകാരും. ചെങ്ങന്നൂർ തിരുവൻവണ്ടൂർ രണ്ടാം വാർഡിൽ പന്തിരുപറ നിർമ്മാല്യം വീട്ടിൽ രാജേന്ദ്രൻ നായരുടെയും അനിതയുടെയും മകളാണ് നീതു. സാമ്പത്തികമായി ഉയർന്ന കുടുംബം കൂടിയാണ്. തിരുവല്ല കുറ്റൂർ പള്ളാടത്തിൽ സുധിഭവനിൽ സുധിയുമായി 11 വർഷം മുമ്പായിരുന്നു വിവാഹം നടത്തിയത്. ഇരുന്നൂറിലധികം പവന്റെ ആഭരണങ്ങൾ അണിഞ്ഞാണ് നീതു മണ്ഡപത്തിലെത്തിയത്. ഖത്തറിൽ ഓയിൽ റിഗിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് സുധി. അഞ്ചുവർഷം മുമ്പാണ് നീതു ഇവന്റ് മാനേജ്മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ താമസം ആരംഭിച്ചത്. ഡിസംബറിൽ സുധി അവധിക്ക് നാട്ടിലെത്തിയിരുന്നു.
ഈസമയം നീതുവും മകനും കുറ്റൂരിലെ ഭർതൃവീട്ടിലെത്തിയിരുന്നു. വളരെ സന്തോഷത്തോടെ കഴിഞ്ഞ നാളുകളായിരുന്നു അതെന്നും സുധിയുടെ രക്ഷിതാക്കൾ പറഞ്ഞു. സുധി രണ്ടാഴ്ച മുമ്പാണ് വിദേശത്തേയ്ക്ക് മടങ്ങിയത്. കുട്ടിയെ തട്ടിയെടുത്ത സംഭവങ്ങൾ ടെലിവിഷനിൽ കണ്ടപ്പോൾ മരുമകളാണ് അറസ്റ്റിലായതെന്ന് മനസിലായില്ലെന്നും അവർ പറഞ്ഞു. നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണിൽ വിളിച്ച് സംഭവം അറിയിച്ചത്. ഇതറിഞ്ഞ് കുറ്റൂരിലെ വീട്ടിലുള്ള പിതാവിനെ വിളിച്ചു സുധി വിവരങ്ങൾ അന്വേഷിച്ചിരുന്നു. സംഭവം അറിഞ്ഞ സുധി നാട്ടിലേയ്ക്ക് വരാൻ ശ്രമിക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു.