ഗുണ്ടൽപേട്ട്: വയനാടിന്‍റെ അതിർത്തി മണ്ഡലമായ ഗുണ്ടൽപേട്ടിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കാർഷിക ഗ്രാമത്തിൽ വാഗ്ദാനങ്ങൾ എറിഞ്ഞ് വോട്ട് കൊയ്യാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. കന്നുകാലി പരിപാലനവും കൃഷിയും ഉപജീവനമാക്കിയവരാണ് ഗുണ്ടൽപേട്ടിലെ ഭൂരിഭാഗം പേരും. കന്നഡ മണ്ണിൽ പൊന്നുവിളയച്ചവരിൽ മലയാളികളുമുണ്ട്. ചാമരാജ്നഗർ ജില്ലയിലുൾപ്പെട്ട മണ്ഡലമാണിത്.
സീറ്റ് നിലനിർത്താൻ കന്നഡ സൂപ്പർ താരങ്ങളെ രംഗത്തിറക്കിയാണ് ബിജെപിയുടെ പ്രചാരണം. സിറ്റിങ്ങ് എംഎൽഎ ആയ സി.എസ് നിരഞ്ജൻ കുമാറിനെയാണ് വീണ്ടും രംഗത്തിറക്കിയത്. കോൺഗ്രസും ജെഡിഎസും മാത്രം ഭരിച്ചിരുന്ന മണ്ഡലത്തിൽ 2018 ൽ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്.
വീടുകൾ കയറിയും ഊരുകൂട്ടം വിളിച്ചുചേർത്തുമാണ് കോൺഗ്രസിന്‍റെ പ്രചാരണം. മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ വിജയിച്ച മുൻ എംഎൽഎ എച്ച്എസ് മഹാദേവ പ്രസാദിന്‍റെ മകൻ ഗണേഷ് പ്രസാദാണ് സ്ഥാനാർത്ഥി. അന്തരിച്ച മഹാദേവ പ്രസാദിനോട് മണ്ഡലത്തിലെ വോട്ടർമാർക്കുള്ള വൈകാരിക അടുപ്പം മകന് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ജെഡിഎസിന് വേണ്ടി കഡബൂർ മഞ്ജുനാഥും മത്സരിക്കുന്നു. വൊക്കലിഗ, ലിംഗായത്ത്, ദളിത് വോട്ടുകൾ ഒരേപോലെ മണ്ഡലത്തിൽ നിർണായകമാണ്.
അതേസമയം, കർണാടകത്തിൽ പരസ്യപ്രചാരണം നാളെ അവസാനിരിക്കെ ബെംഗളുരുവിൽ ഇന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും. രാവിലെ 9 മണിക്ക് ബെംഗളുരുവിലെ തിപ്പസാന്ദ്ര മുതൽ ട്രിനിറ്റി ജംഗ്‍ഷൻ വരെയാണ് റോഡ് ഷോ. ഇന്ന് നീറ്റ് പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം റോഡ് ഷോ നടത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് ശിവമൊഗ്ഗ റൂറലിലും, വൈകിട്ട് മൂന്നരയ്ക്ക് നഞ്ചൻഗുഡിലും മോദിയുടെ റോഡ് ഷോ ഉണ്ട്.