മുംബൈ∙ ഐഐടി ബോംബെയ്ക്ക് പൂർവവിദ്യാർഥിയും ഇൻഫോസിസ് സഹസ്ഥാപകനും കൂടിയായ നന്ദൻ നിലേകനിയുടെ വക 315 കോടി രൂപ. ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പൂർവവിദ്യാർഥി നൽകുന്ന ഏറ്റവും വലിയ സംഭാവനയാണിത്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദ പഠനത്തിനായി 1973ലാണ് നിലേകനി ഐഐടി ബോംബെയിൽ ചേർന്നത്.
ഇതുസംബന്ധിച്ച ധാരണാപത്രം നിലേകനിയും ഐഐടി ബോംബെ ഡയറക്ടർ പ്രഫ. സുഭാസിസ് ചൗധരിയും തമ്മിൽ ബെംഗളൂരുവിൽ ഒപ്പുവച്ചു. ഈ തുക ഉപയോഗിച്ച് ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനവും വിവിധ എൻജിനീയറിങ്, സാങ്കേതിക മേഖലകളിലെ ഗവേഷണവും മറ്റുമാണ് ഒരുക്കുകയെന്ന് ധാരണാപത്രത്തിൽ പറയുന്നു.
ജീവിതത്തിലെ നിർണായകമായ ഒരേടാണ് തനിക്ക് ഐഐടി ബോംബെയെന്ന് നിലേകനി പറഞ്ഞു. ‘‘ജീവിതയാത്രയുടെ അടിസ്ഥാനം ഇവിടെനിന്നായിരുന്നു. 50 വർഷമായി ഈ സ്ഥാപനവുമായുള്ള ബന്ധം തുടങ്ങിയിട്ട്. അതിന്റെ ഭാവിയിലേക്ക് ആവശ്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞതിൽ കൃതജ്ഞതയുണ്ട്’’ – നിലേകനി പറയുന്നു.
ഐഐടി ബോംബെ ഹെറിറ്റേജ് ഫൗണ്ടേഷന്റെ ബോർഡ് തലവനായി 1999 – 2009 വരെ അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2005–2011 വരെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും അദ്ദേഹമുണ്ടായിരുന്നു. നേരത്തേ പലപ്പോഴുമായി 85 കോടി രൂപയോളം പുതിയ ഹോസ്റ്റൽ കെട്ടിടങ്ങൾ പണിയാനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുമായി നിലേകനി നൽകിയിരുന്നു. പൂർവവിദ്യാർഥികളിൽനിന്നും മറ്റുമായി ആകെ 500 മില്യന്‍ യുഎസ് ഡോളറിലധികം തുക സമാഹരിക്കാനാണ് ഐഐടി ബോംബെയുടെ പദ്ധതി.