ദില്ലി: പബ് ശൃംഖലയായ ബിയർ കഫേ ഏറ്റെടുക്കാൻ തയ്യാറായി ബിയർ നിർമ്മാതാക്കളായ ബിറ 91. പബ്ബുകളിലൂടെ നേരിട്ടുള്ള വിൽപ്പനയാണ് ബിയർ നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ഒപ്പം ബിയർ കഫേയുടെ വിപുലീകരണവും നടത്തും. ബിറ 91 ഇതുവരെയുള്ള തങ്ങളുടെ അനുഭവ പരിജ്ഞാനം ബിയർ കഫെയുടെ പ്രവർത്തനവുമായി ഏകോപിക്കാനാണ് ശ്രമിക്കുക. ഇതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നല്കാൻ കഴിയും എന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റെടുത്ത് കഴിഞ്ഞാലും ബിയർ കഫേയുടെ സിഇഒയും സ്ഥാപകനുമായ രാഹുൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് ബ്രാൻഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തുടരുകയും പുതുതായി രൂപീകരിച്ച പ്ലാറ്റ്‌ഫോമിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യും. ബിയർ കഫേ കൂടുതൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ശ്രമം നടത്തുമെന്നും കരാർ നിബദ്ധനാകളോടെ മതമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ടയർ ഒന്ന്, രണ്ട്, മൂന്ന് നഗരങ്ങളിലെ മാളുകൾ, ഹൈ സ്ട്രീറ്റുകൾ, ട്രാൻസിറ്റ് ഹബ്ബുകൾ തുടങ്ങി 15 നഗരങ്ങളിലായി 33 ഔട്ട്‌ലെറ്റുകൾ ബിയർ കഫേ നടത്തുന്നുണ്ട്. ഉപഭോക്തൃ സേവനം ഉറപ്പാക്കുകയും ഒപ്പം ബിറ 91 ഉത്പന്നമാണ് ബിയർ കഫേ ബ്രാൻഡിലേക്ക് ചേർക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ട്. 2012 ഏപ്രിലിൽ ആണ് ആദ്യത്തെ ഔട്ട്‌ലെറ്റുമായി ബിയർ കഫേ പ്രവർത്തനം ആരംഭിച്ചത്.
ബിയർ കഫേയ്ക്ക് ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ട്, ഇന്ന് വരെയുള്ള വ്യാപാരത്തിലൂടെ കമ്പനി നേടിയെടുത്ത വിശ്വാസമാണ് അത്. കമ്പനിക്ക് പ്രത്യേകമായ പ്രവർത്തന മാതൃക ഉണ്ടെന്നും ബിറ 91 ൽ ചേരുന്നതോടെ കമ്പനിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും എന്നും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ബ്രാൻഡിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും ശ്രമിക്കുമെന്നും ബിയർ കഫേ സിഇഒ രാഹുൽ സിംഗ് പറഞ്ഞു. ഏറ്റവും വൈവിധ്യമാർന്ന ബിയറുകൾ ആണ് നിലവിൽ ബിയർ കഫെയിലൂടെ എത്തുന്നത് എന്നും ബിയർ കഫേ ബ്രാൻഡിന്റെ ഈ ശൈലി ഇനിയും തുടരുമെന്നും രാഹുൽ വ്യക്തമാക്കി.
ബിയർ കഫേയും ബിറ 91-ഉം രാജ്യത്തെ ബിയർ വില്പന വർധിപ്പിക്കും എന്നും വ്യവസായം ഉയർത്തുന്നതിനുമുള്ള മാർഗങ്ങൾ തേടുമെന്നും ഈ ഏറ്റെടുക്കലിലൂടെ രാജ്യത്തെ ബിയർ സംസ്കാരത്തിന്റെ വളർച്ചയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബിറ 91 സ്ഥാപകനും സിഇഒയുമായ അങ്കുർ ജെയിൻ പറഞ്ഞു.