അഞ്ചൽ: മോഷ്ടിച്ചു കടത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കവർച്ചക്കാരായ മൂവർ സംഘത്തിന് പരിക്കേറ്റു. നാട്ടുകാരെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ പനയംചേരി രേഷ്മ ഭവനിൽ രഞ്ജിത്ത് (24), മതുരപ്പ ഉള്ളന്നൂർ അനന്തു ഭവനിൽ അരുൺ (26), ഏറം ലക്ഷംവീട് കോളനിയിൽ അനീഷ് (25) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഉള്ളന്നൂർ സ്വദേശി ബിജുവിന്റെ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം രാത്രിയാണ് സംഘം മോഷ്ടിച്ചത്. ബിജുവിന്റെ അയൽവാസികളാണ് ഇവർ. മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകവേ കടയ്ക്കൽ ദേവി ക്ഷേത്രത്തിനു സമീപത്ത് നിന്ന് ഉത്സവ അലങ്കാരത്തിനു കൊണ്ടുവന്ന കേബിളുകളും മൊബൈൽ ഫോണും മോഷ്ടിച്ചു. ഇതുമായി ചുണ്ട വഴി രക്ഷപെടുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരാണ് മൂവരേയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവരിൽ അരുണിന്റെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ കാണാനില്ലെന്ന പരാതിയിൽ അഞ്ചൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപകട വിവരം അറിഞ്ഞത്. കടയ്ക്കൽ പൊലീസിന്റെ സഹായത്തോടെ മോഷ്ടാക്കളിൽ രണ്ടുപേരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടി. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അരുൺ പൊലീസ് നിരീക്ഷണത്തിലാണ്.
ഓട്ടോറിക്ഷ ആക്രിക്കടയിലെത്തിച്ച് പൊളിച്ച് വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷ്ടാക്കൾക്കെതിരെ അഞ്ചൽ, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളും ക്രിമിനിൽ കേസുകളും നിലവിലുണ്ട്.അഞ്ചൽ എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ ജോതിഷ് ചിറവൂർ, ഗ്രേഡ് എസ്.ഐ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.