തൃശ്ശൂര്‍: ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണു. ഇവരില്‍ ഒരാൾ മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി.ആർ.പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്. ചാലക്കുടി വി.ആർ.പുരത്താണ് സംഭവം നടന്നത്. റോഡിൽ വെള്ളമായതിനാൽ റയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ട്രയിൻ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രയിൻ പോകുന്നതിനിടെ കാറ്റിൽ തോട്ടിൽ വീഴുകയായിരുന്നു. ഫൗസിയ (35) ആണ് ചികിത്സയിലുള്ളത്.
അതേസമയം, 70 അടി താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ പുഴയില്‍ വീണിട്ടുംയുവതി കുത്തൊഴുക്കിലും അത്ഭുതകരമായി രക്ഷപ്പെട്ടതും വാര്‍ത്തയായി. ഇടുക്കി ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിയായ അനു മഹേശ്വരനാണ് 70 മീറ്റര്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് പുഴയില്‍ വീണ ശേഷം രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
വ്യാഴാഴ്ച രാത്രി ചെറുതോണിയിലെ വീട്ടിലേക്ക് തങ്കമണിയില്‍ നിന്നും കാറില്‍ പോവുകയായിരുന്നു അനു. രാത്രി ഏഴരയോടെ മരിയപുരത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിക്കാന്‍ വന്നപ്പോള്‍ അനു കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ കാര്‍ നിയന്ത്രണം വിട്ട് റോഡിന് വശത്തേ താഴ്ഭാഗത്തേക്ക് പതിച്ചു. കാര്‍ പലവട്ടം മലക്കം മറിഞ്ഞാണ് 70 അടി താഴ്ചയിലേക്ക് പതിച്ചത്. എന്നാല്‍ കാര്‍ പുഴയ്ക്ക് അടുത്ത് നിശ്ചലമായി ഇതോടെ കാറില്‍ നിന്നും ആയാസപ്പെട്ട് പുറത്തിറങ്ങിയപ്പോഴാണ് അനു പുഴയില്‍ വീണത്.
കനത്തമഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കായതിനാല്‍ പുഴയില്‍ വീണ അനു 100 മീറ്ററോളം ഒഴുകിപ്പോയി. എന്നാല്‍ കരയ്ക്ക് കയറാനുള്ള ശ്രമത്തില്‍ പുഴയോരത്തെ പുല്ലില്‍ പിടികിട്ടി. ഇതില്‍ പിടിച്ച് കയറിയാണ് അനു ഒഴുക്കില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. അനു കരയ്ക്ക് കയറിയത് മരിയാപുരം പ്രഥമികാരോഗ്യ കേന്ദ്രത്തിന് പിന്നിലായിരുന്നു. തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു. കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.