തൃശൂര്‍ : തൃശൂര്‍ കേരളവര്‍മ കോളജ് ഗ്രൗണ്ട് കെസിഎക്ക് പാട്ടത്തിന് നല്‍കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സി.വി പാപ്പച്ചന്‍. മൈതാനം പാട്ടത്തിന് നല്‍കുന്നത് അനീതിയാണെന്ന് സി വി പാപ്പച്ചന്‍ പ്രതികരിച്ചു. വിഷയം ശ്രദ്ധയില്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിനും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും നിവേദനം നല്‍കും. മൈതാനം പാട്ടത്തിന് നല്‍കിയാല്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര സ്‌പോര്‍ട്‌സ് പരിശീലനം ഇല്ലാതാകും. വരുംതലമുറയ്ക്ക് കേരള വര്‍മ കോളജ് ഗ്രൗണ്ട് നഷ്ടമാകുമെന്നും സി. വി പാപ്പച്ചന്‍ പറഞ്ഞു. കോളജ് മൈതാനം ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യത്തിന് ദീര്‍ഘകാലം വിട്ടുകൊടുക്കുന്നത് കോളജിന്റെ കായിക പരിശീലനം ഇല്ലാതാക്കുമെന്ന നിലപാടിലാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും വിദ്യാര്‍ത്ഥികളും. സിവി പാപ്പച്ചന്‍, ദേശീയ ബാസ്‌കറ്റ് ബോള്‍ താരങ്ങളായ ജയശങ്കര്‍ മേനോന്‍, ശേഷാദ്രി തുടങ്ങി ഒട്ടേറേ പേര്‍ കേരള വര്‍മയുടെ ഗ്രൗണ്ടില്‍ കളിച്ച് പ്രശസ്തിയിലേക്ക് എത്തിയവരാണ്.