തിരുവനന്തപുരം : ഐ എൻ എൽ വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഇന്ന് നിലവിൽ വരും. സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ അറിയിച്ചു. ഉച്ചക്ക് 2.00നാണ് യോഗം. 14 ജില്ലകളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങളാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. 2022-25 കാലത്തേക്കുള്ള സംസ്ഥാന കമ്മിറ്റിയെ കൗൺസിൽ തെരഞ്ഞെടുക്കും. പാർട്ടിയുടെ പ്രവർത്തന പദ്ധതികൾ പോഷക സംഘടന കമ്മിറ്റികളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ഇതായിരിക്കുമെന്നാണ് വഹാബ് വിഭാഗത്തിന്റെ അവകാശവാദം.
പാർട്ടിക്കുള്ളിൽ കാലങ്ങളായി പുകയുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയ പശ്ചാത്തലത്തിൽ ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടാണ് എ പി അബ്ദുൾ വഹാബ് സ്വീകരിച്ചിരുന്നത്. സംസ്ഥാന കൗൺസിൽ പിരിച്ചുവിടാൻ ദേശീയ കൗൺസിലിന് അധികാരമില്ലെന്നും അതിനാൽ തന്നെ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അബ്ദുൾ വഹാബ് പ്രതികരിച്ചിരുന്നു. ഇത് മധ്യസ്ഥ ചർച്ചയുടെ ലംഘനമാണ്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് വിലക്കുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.