കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ ഐ.എൻ.എൽ മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹ്മദ് ദേവർകോവിൽ. ഇടതുമുന്നണിയിൽ സീറ്റ് ആവശ്യപ്പെടും. എവിടെ മത്സരിക്കണമെന്നത് ചർച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചേർന്ന ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
‘ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുമായി ചർച്ച ചെയ്തുകൊണ്ടേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുകയൂള്ളൂ’ -അഹ്മദ് ദേവർകോവിൽ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിക്കുന്നത് തെറ്റായ നയമാണ്. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് ഐ.എൻ.എൽ കോഴിക്കോട്ട് സൗഹാർദ സംഗമം നടത്തും. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വിവിധ മത-സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.