കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് പതിനേഴുകാരിയായ അന്തേവാസി വാർഡിന്റെ ഓടിളക്കി ചാടിപ്പോയി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വാർഡിന്റെ വരാന്തയിലെ ഗ്രില്ലിലൂടെ ചവിട്ടിക്കയറിയാണ് മഹാരാഷ്ട്ര സ്വദേശിനി ഓടിളക്കി പുറത്തുകടന്നത്. പിൻവശത്തെ മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. പത്തുദിവസത്തിനിടെ മൊത്തം നാലുപേരാണ് ഇവിടെനിന്ന് ചാടിപ്പോയത്. ശനിയാഴ്ച ഉച്ചയ്ക്ക് മലപ്പുറം സ്വദേശിയായ യുവാവ് ശുചിമുറിയുടെ ജനലിളക്കി രക്ഷപ്പെട്ടിരുന്നു. അതുകഴിഞ്ഞ് മണിക്കൂറുകൾക്കകം ഈ സംഭവമുണ്ടായത് സുരക്ഷാവീഴ്ചയുടെ ഗൗരവം വർധിപ്പിക്കുന്നു. പുലർച്ചെ രണ്ടരവരെ വാർഡിലുണ്ടായിരുന്നുവെന്നാണ് ആശുപത്രിഅധികൃതർ പറയുന്നത്.
രാവിലെ അഞ്ചേകാലിന് പ്രഭാതഭക്ഷണം നൽകാനെത്തിയപ്പോഴാണ് പെൺകുട്ടിയെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ ഓടിളക്കി മാറ്റിയത് ശ്രദ്ധയിൽപ്പെട്ടു. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ഉയരം കുറവായതിനാൽ ഓടിളക്കിമാറ്റാൻ എളുപ്പമാണ്. മഹാരാഷ്ട്രക്കാരി കൊല്ലപ്പെട്ടദിവസം ഒരു അന്തേവാസി ഓട് തകർത്ത് പുറത്തുചാടിയിരുന്നു. എങ്കിലും ഇവർ മാനസികാരോഗ്യകേന്ദ്രത്തിന് പുറത്തുപോയിരുന്നില്ല. ഏറെ പണിപ്പെട്ടാണ് അവരെ വീണ്ടും സെല്ലിലെത്തിച്ചത്.
മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ അഞ്ച് മണിക്ക് ഗേറ്റ് തുറന്നപ്പോൾ രക്ഷപ്പെട്ടതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ശനിയാഴ്ച ചാടിപ്പോയ മലപ്പുറം സ്വദേശിയെ രാത്രിയിൽ ഷൊർണൂരിലാണ് കണ്ടെത്തിയത്. അതിനു മുൻപ് രക്ഷപ്പെട്ട രണ്ടുപേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മഹാരാഷ്ട്രയിൽനിന്ന് ട്രെയിൻ മാറിക്കയറിയെത്തിയ പതിനേഴുകാരിയെ കഴിഞ്ഞമാസമാണ് വടകര റെയിൽവേസ്റ്റേഷനിൽ കണ്ടെത്തിയത്. തുടർന്ന് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെത്തിച്ചെങ്കിലും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസമായി പെൺകുട്ടി ഇവിടെ തുടരുകയായിരുന്നു. വീട്ടുകാരെ കാണണം, പുറത്ത് വിടണമെന്നൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.