ജറുസലം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ നിരപരാധികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ തെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് ആന്റണി ബ്ലിങ്കൻ ജാഗ്രത മുന്നറിയിപ്പ് നൽകിയത്.
ഗസ്സക്കുമേൽ ബോംബാക്രമണം നടത്തുമ്പോൾ യുദ്ധനിയമങ്ങൾ പാലിക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ആവശ്യപ്പെട്ടിരുന്നു.അതേസമയം, ഇസ്രായേലിന് അവിരാമം പിന്തുണ നൽകുമെന്നും ആന്റണി ബ്ലിങ്കൻ പ്രഖ്യാപിച്ചു. ‘ഒറ്റക്ക് സ്വയം പ്രതിരോധിക്കാൻമാത്രം നിങ്ങൾ ശക്തരായിരിക്കാം. എന്നാൽ, അമേരിക്ക നിലനിൽക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ഒറ്റക്ക് പോരാടേണ്ടി വരില്ല’ -അദ്ദേഹം പറഞ്ഞു. വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ അമേരിക്ക നൽകും. സമാധാനം കാംക്ഷിക്കുന്ന എല്ലാവരും ഹമാസിന്റെ ഭീകരതയെ അപലപിക്കണം.
ഇസ്രായേൽ സന്ദർശനത്തിനുശേഷം വെള്ളിയാഴ്ച ഖത്തറിലെത്തുന്ന ബ്ലിങ്കൻ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഖത്തറിൽനിന്ന് ജോർഡൻ തലസ്ഥാനമായ അമ്മാനിലെത്തുന്ന ആൻറണി ബ്ലിങ്കൻ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും.