ടെസ്ല സ്ഥാപകനും കോടീശ്വരനുമായ ഇലോൺ മസ്ക് സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഒരുങ്ങുകയാണ്. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല തുടങ്ങാൻ മാസ്ക് പദ്ധതിയിടുന്നത്. യു.എസ് കോളേജ് ബിരുദധാരികളുടെ കഴിവിൽ കാര്യമായ അധഃപതനമാണ് ഉണ്ടായി എന്ന് മസ്ക് എക്സിലൂടെ വിമർശിച്ചു.
ശാസ്ത്രം എഞ്ചിനീയറിങ്, ടെക്‌നോളജി, കണക്ക് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള നൂതന വിദ്യാഭ്യാസ പദ്ധതികൾ ലക്ഷ്യമിട്ടുകൊണ്ടാണ് സർവകലാശാല ആരംഭിക്കുക. തുടക്കത്തിൽ അൻപത് വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് അടക്കം നിരവധി ആനുകൂല്യങ്ങളും നൽകാനും പദ്ധതിയുണ്ട്.
സ്‌കൂൾ വിദ്യാഭ്യാസത്തിൽ തുടങ്ങി ഉന്നത വിദ്യാഭ്യാസം നൽകുന്ന സർവകലാശാലയായി രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. 2014 ൽ തന്റെ മക്കൾക്കും കമ്പനി ജീവനക്കാരുടെ മക്കൾക്കും പഠിക്കുന്നതിനായി ആഡ് ആസ്ട്ര എന്ന ചെറിയ സ്വകാര്യ സ്‌കൂളിന് മസ്ക് തുടക്കമിട്ടിരുന്നു. ഇവിടെ ഗ്രേഡുകൾക്ക് പകരം കുട്ടികളുടെ അഭിരുചികൾക്കും കഴിവിലുമാണ് പ്രാധാന്യം നൽകുന്നത്.