കൊച്ചി : രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിൽ അവസാനവട്ട മിനുക്ക് പണികൾ തകൃതി. അടുത്ത വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പടക്കപ്പൽ രാജ്യത്തിന് സമർപ്പിക്കും.
രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പൽ. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമിച്ചത്.
കപ്പൽ നിർമാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമിത വസ്തുക്കൾ. കപ്പലിന്‍റെ നീളം 262 മീറ്റർ, ഉയരം 59 മീറ്റർ. 30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം.
2007ൽ തുടങ്ങിയതാണ് ഐഎൻഎസ് വിക്രാന്തിന്‍റെ നിർമാണം. 15 വർഷം കൊണ്ട് കപ്പൽ നിർമിക്കാൻ ചെലവായത് 20,000 കോടി രൂപ. 2021 ഓഗസ്റ്റ് മുതൽ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങൾ വിക്രാന്ത് വിജയകരമായി മറികടന്നു.
കഴിഞ്ഞ മാസം 28ന് കൊച്ചിൻ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പൽ ഷിപ്പ്‍യാർഡിൽ നിന്ന് മാറ്റിയിട്ടില്ല. പ്രധാനമന്ത്രി വെള്ളിയാഴ്ച കൊച്ചി കപ്പൽ ശാലയിലെത്തി കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും.