ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി ഐഎന്‍എസ് വിക്രാന്ത് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായ രീതിയില്‍ വിന്യസിക്കാനാവുമെന്ന് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍. ബെംഗളുരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ 2023-ല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎന്‍എസ് വിക്രാന്ത് നിലവില്‍ കൃത്യമായ ഇടവേളകളില്‍ കടലില്‍ ഇറങ്ങുന്നുണ്ടെന്നും പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ തൃപ്തരാണെന്നും നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര് വ്യക്തമാക്കി.
അടുത്തിടെ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മിഗ് 29കെ വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ചേതക്, സീ കിംഗ് ഹെലികോപ്ടര്‍ പോലുള്ളവ ഉപയോഗിച്ചാണ് വിക്രാന്തിന്‍റെ കടലിലുള്ള വൈമാനിക പരിശോധനകള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വിമാനങ്ങളെ ഉപയോഗിച്ചുള്ള പരിശീലനങ്ങള്‍ തുടരുകയാണ്. വ്യത്യസ്ത സാഹചര്യങ്ങളിലാണ് പരിശീലനമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വിമാനങ്ങളെ ഉപയോഗിച്ചുള്ള പരിശീലനം രണ്ട് മാസം നടക്കുമെന്നും നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു.
2022 സെപ്റ്റംബര്‍ 2നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ എന്‍ എസ് വിക്രാന്ത് കൊച്ചിയില്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 2002 -ലാണ് ഐ എന്‍ എസ് വിക്രാന്ത് നിര്‍മ്മിക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പദ്ധതിക്ക് കിട്ടുന്നത്. കൊച്ചി കപ്പൽ ശാലയുമായി കരാറിൽ ഒപ്പ് വയ്ക്കുന്നത് 2007 -ൽ ആണ്. 2009ലാണ് വിക്രാന്തിന്‍റെ നിർമാണം കൊച്ചിയിൽ തുടങ്ങിയത്. 1971 -ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേര് വന്നത്.
76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്ത്രിന് 3500 കോടി രൂപയാണ് നിർമാണചെലവ്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും. 12 വര്‍ഷത്തോളം നീണ്ട നിര്‍മ്മാണത്തിനിടെ രാഷ്ട്രപതി, പ്രതിരോധമന്ത്രി, നാവികസേനാ മേധാവി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി തുടങ്ങി നിരവധി വിവിഐപികൾ വിക്രാന്ത് കാണാനായി എത്തിയിരുന്നു.