ഇടുക്കി: തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണവും ലയങ്ങളുടെ സുരക്ഷിതാവസ്ഥയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് സംസ്ഥാനത്ത് നടത്തിവരുന്ന പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ലയങ്ങളുടെ ശോച്യാവസ്ഥ ഉൾപ്പെടെ 224 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിനോടകം 75 തോട്ടങ്ങളിൽ പരിശോധന പൂർത്തിയാക്കിയതായി ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ലയങ്ങളുടെ ശോച്യാവസ്ഥ, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴിൽ നിയമലംഘനങ്ങൾ എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. പുതുതായി വീഴ്ചകൾ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് 15 ദിവസത്തിനകം പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നൽകി.