കോട്ടായി : സാമൂഹിക മാധ്യമത്തിലൂടെ പ്രണയംനടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണമ്പ്ര സ്വദേശി ശരത്ത് (28) ആണ് അറസ്റ്റിലായത്. ഏഴുമാസം മുമ്പാണ് ശരത്ത് തോലനൂർ സ്വദേശിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. മൂന്നുമാസം സോഷ്യൽ മീഡിയിലൂടെ സൗഹൃദം തുടർന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പെൺകുട്ടി ആധാർ കാർഡ് ആവശ്യങ്ങൾക്ക് ആലത്തൂരിൽ എത്തിയെന്നും ഇവിടെയെത്തിയ യുവാവ് പെൺകുട്ടിയെ ബൈക്കിൽക്കയറ്റി തോലനൂർ സ്വദേശിയായ ശരത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെനിന്ന് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചെന്നുമാണ് പരാതി. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ വ്യാഴാഴ്ച രാത്രി കോട്ടായി സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻവെച്ച് പോലീസ് അന്വേഷിച്ചപ്പോഴാണ് തോലനൂരിലെ വീട്ടിലുണ്ടെന്ന് മനസ്സിലാകുന്നത്.
തുടർന്ന്, പുലർച്ചെയോടെ പോലീസ് തോലനൂരിലെ വീട്ടിലെത്തി പ്രതിയെ പിടികൂടി. പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഐ. ദിനുറെയിൻ, എ.എസ്.ഐ.മാരായ റഫീക്ക്, ജെമീല, സീനിയർ സി.പി.ഒ. തുളസീദാസ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.




















