തിരുവനന്തപുരം : വൈദ്യുതി ബോർഡിന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി കറന്റ് ചാർജ് ഇനത്തിൽ വർഷങ്ങളായി പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം 3000 കോടി രൂപ. ഇതിൽ 1800 കോടിയും സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ളതാണ്. ജല അതോറിറ്റി 1000 കോടിയോളം രൂപ അടയ്ക്കാനുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു പിരിഞ്ഞു കിട്ടാനുള്ളത് 1200 കോടിയാണെന്നും ഇതിൽ നല്ലൊരു പങ്കും വർഷങ്ങളായി നിയമ യുദ്ധത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും ബോർഡ് ചെയർമാൻ ബി.അശോക് പറഞ്ഞു. കോവിഡ് മൂലം തവണകളായി അടയ്ക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതാണ് ശേഷിക്കുന്ന കുടിശിക. വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനു ബോർഡിന്റെ കുടിശിക തുക പരിഗണിക്കില്ല. കുടിശിക തുക ബോർഡിനു ലഭിച്ച വരുമാനമായി ആണ് കണക്കാക്കുന്നത്. വരുമാനവും ചെലവും വിലയിരുത്തുമ്പോൾ ഉണ്ടാകുന്ന കമ്മി നികത്താനാണ് നിരക്കു വർധന. കുടിശിക ലഭിച്ചാൽ ബോർഡിന്റെ സാമ്പത്തിക നില മെച്ചപ്പെടും.